ന്യൂഡൽഹി: ഭർതൃ ബലാത്സംഗം കുറ്റകൃത്യമാക്കുന്നത് സംബന്ധിച്ച് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വ്യത്യസ്ത വിധികൾക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. വൈവാഹിക ബലാത്സംഗത്തിന് ഭരണഘടന നൽകുന്ന പിന്തുണക്കെതിരെ ഖുശ്ബൂ സൈഫിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.വൈവാഹിക ബലാത്സംഗം ഐ.പി.സി സെക്ഷൻ 375 (ബലാത്സംഗം) ഉൾപ്പെടുന്നില്ല. ഇത് ഭർത്താവിൽ നിന്ന് പീഡനമനുഭവിക്കുന്ന സ്ത്രീകളോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
15 വയസിന് മുകളിലുള്ള സ്ത്രീയെ ഭർത്താവ് ബലാത്സംഗം ചെയ്തതാണെങ്കിലും കുറ്റകരമല്ല. മെയ് 11ന് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഈ കേസിൽ വിരുദ്ധ വിധിയായിരുന്നു പറഞ്ഞത്. ജസ്റ്റിസ് രാജീവ് ശക്ദെർ ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞപ്പോൾ ജസ്ററിസ് സി. ഹരി ശങ്കർ ഭർതൃ ബലാത്സഗം കുറ്റകരമല്ലെന്ന് വിധിക്കുകയായിരുന്നു.ഡിവിഷൻ ബെഞ്ചിൽ നിന്ന് വ്യത്യസ്ത വിധികൾ ഉണ്ടായതിനെ തുടർന്ന് പരാതിക്കാരിക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ബെഞ്ച് അനുവാദം നൽകി. തുടർന്നാണ് കേസിൽ അപ്പീൽ നൽകിയത്.