ന്യൂയോർക്ക്: അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ആപ്പിൾ 2014ൽ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു. പ്രോജക്റ്റ് ടൈറ്റനിൽ ബില്യൻ കണക്കിന് ഡോളറാണ് ആപ്പിൾ നിക്ഷേപിച്ചിരുന്നത്. ഇ.വി. കാർ പദ്ധതി ടൈറ്റൻ നിർത്തലാക്കാനുള്ള കമ്പനിയുടെ തീരുമാനം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസും വൈസ് പ്രസിഡൻ്റ് കെവിൻ ലിഞ്ചും ചൊവ്വാഴ്ച അപ്രതീക്ഷിതമായി വെളിപ്പെടുത്തുകയായിരുന്നു.ഏകദേശം 2,000 പ്രോജക്റ്റ് ജീവനക്കാരെ തീരുമാനം അമ്പരപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടൈറ്റൻ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തോട് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് എക്‌സിൽ ഒരു സല്യൂട്ട് ഇമോജിയും സിഗരറ്റും പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്.
സമീപ മാസങ്ങളിൽ മന്ദഗതിയിലുള്ള വളർച്ച അനുഭവിക്കുന്ന ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ടാണ് തീരുമാനം എന്നാണ് കരുതപ്പെടുന്നത്. ഡിമാൻഡ്, ഉയർന്ന പലിശ നിരക്കുകൾ, വർദ്ധിച്ചുവരുന്ന മത്സരം എന്നിവയെക്കുറിച്ച് ഇ.വി ഭീമനായ ടെസ്‌ലയും കഴിഞ്ഞ മാസങ്ങളിൽ ആശങ്കകൾ പങ്കുവെച്ചിരുന്നു.