ആലപ്പുഴ : കടുത്ത പ്രതിഷേധത്തിനൊടുവിൽ ആലപ്പുഴ ജില്ലാ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റി. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. സിവിൽ സൈപ്ലസ് ജനറൽ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
സി.പി.എമ്മുമായി അടുത്തു നിൽക്കുന്ന എ.പി സുന്നി വിഭാഗം ശ്രീറാമിന്റെ നിയമനത്തിൽ കടുത്ത അതൃപ്തി അറിയിക്കുകയും എ.പി വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്ലീം ജമാഅത്ത് ജില്ലാ ആസ്ഥാനങ്ങളിൽ വൻപ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ചിരുന്ന കാർ ബഷീറിന് മേലെ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്ന ശേഷം തെളിവ് നശിപ്പിക്കാനും രക്ത പരിശോധന വൈകിപ്പിക്കാനും ശ്രീറാമും ഉദ്യോഗസ്ഥ ലോബിയും നടത്തിയ ഇടപെടലുകൾ വിവാദമായിരുന്നു.
തെളിവ് നശിപ്പിക്കാനടക്കം ഇടപെടലുകൾ നടത്തിയയാളെ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കലക്ടറുടെ പദവിയിൽ നിയമിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫും രംഗത്തെത്തിയിരുന്നു. കലക്ടറെ മാറ്റും വരെ സമരം നടത്തുമെന്ന് യു.ഡി.എഫ് ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ശ്രീറാമിനെ കലക്ടർ സ്ഥാനത്തു നിന്നും മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.