കൊച്ചി: ജുഡീഷ്യൽ ഓഫിസർമാരിൽനിന്നുള്ള ഹൈകോടതി ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി കൊളീജിയത്തിൽ ഭിന്നത. ചില നിയമന ശിപാർശയിൽ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് രണ്ട് പട്ടികയാണ് സുപ്രീം കോടതി കൊളീജിയത്തിന് നൽകിയത്.ഹൈകോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി. ഭട്ടി എന്നിവർ നൽകിയ പട്ടികയും ഇവരിൽ രണ്ടുപേരുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നൽകിയ മറ്റൊരു പട്ടികയുമാണ് കേരളത്തിൽനിന്ന് അയച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത് പട്ടിക അയച്ച ശേഷമാണ്.
രണ്ടുവർഷത്തെ ഇടവേളക്കുശേഷം മാർച്ച് 17നാണ് ഹൈകോടതി കൊളീജിയം യോഗം ചേർന്നത്. ജുഡീഷ്യൽ ഓഫിസർമാരിൽനിന്നുള്ള ഏഴ് ഒഴിവിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ ശിപാർശ ചെയ്യാനായിരുന്നു യോഗം. കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റിൽ എം.ബി. സ്നേഹലത (കണ്ണൂർ പ്രിൻസിപ്പൽ ജില്ല ജഡ്‌ജി), പി.ജെ. വിൻസെന്‍റ് (ഹൈകോടതിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി), സി. കൃഷ്‌ണകുമാർ (കാസർകോട് പ്രിൻസിപ്പൽ ജില്ല ജഡ്ജി), ജോൺസൺ ജോൺ (കൽപറ്റ പ്രിൻസിപ്പൽ ജില്ല ജഡ്ജി), ജി. ഗിരീഷ് (തലശ്ശേരി പ്രിൻസിപ്പൽ ജില്ല ജഡ്ജി), സി. പ്രദീപ് കുമാർ (എറണാകുളം അഡീ. ജില്ല ജഡ്‌ജി), പി. കൃഷ്‌ണകുമാർ (ഹൈകോടതി രജിസ്ട്രാർ ജനറൽ) എന്നീ പേരുകളാണുള്ളത്. എന്നാൽ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ലിസ്റ്റിലുള്ള പി.ജെ. വിൻസെന്‍റ്, സി. കൃഷ്‌ണകുമാർ എന്നിവരെ ഒഴിവാക്കി. പകരം കെ.വി. ജയകുമാർ (ഹൈകോടതി വിജിലൻസ് രജിസ്ട്രാർ), പി. സെയ്‌തലവി (മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി) എന്നിവരെ ഉൾപ്പെടുത്തി. രണ്ടുപേരെ ഒഴിവാക്കാനുള്ള കാരണങ്ങളും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്.