കണ്ണൂർ: സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് ഉടൻ നല്കി നടപടിയിലേക്ക് പോകും. സ്റ്റേ നടപടിക്ക് എതിരെ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നു. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.
അതിനിടെ ഗവർണ്ണർക്ക് എതിരെ ഇന്നു ചേരുന്ന കേരള സർവകലാശാല സെനറ്റ് യോഗം പ്രമേയം കൊണ്ട് വരാൻ നോക്കുന്നുണ്ട്. വിസി നിയമനത്തിൽ ഗവർണ്ണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി ഉണ്ടാക്കി എന്ന് ആരോപിച്ചാണ് നീക്കം. പ്രമേയം വന്നാൽ കേരള വിസിക്കും എതിരെ ഗവർണ്ണർ നടപടി എടുത്തേക്കും. ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് കേരള സർവകലാശാല ഇത് വരെ നോമിനിയെ നൽകിയിട്ടില്ല.
അതേ സമയം, കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്തെത്തി. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സർവ്വകലാശാല രക്ഷാ”സംഘ”ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാൻ സിന്‍റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം.