ന്യൂഡൽഹി: മൂന്ന് സ്വതന്ത്ര എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിനെതുടർന്ന് കേവല ഭൂരിപക്ഷം നഷ്ടമായ ഹരിയാനയിൽ ഭരണ പ്രതിസന്ധി തുടരുന്നു. നിലവിലെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ എൻ.ഡി.എ മുൻ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നീക്കം തുടങ്ങി.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗതാല വ്യാഴാഴ്ച ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് കഴിഞ്ഞദിവസം ദുഷ്യന്ത് ചൗതാല പറഞ്ഞിരുന്നു. എന്നാൽ, ജെ.ജെ.പി പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല.
കഴിഞ്ഞ മാർച്ച് വരെ ഭരണകക്ഷിയുടെ കൂടെയുണ്ടായിരുന്ന ജെ.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതും അഞ്ച് ജെ.ജെ.പി എം.എൽ.എമാർ കൂറുമാറാനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തത്. നിലവിൽ 88 അംഗങ്ങളുള്ള ഹരിയാന സഭയിൽ 42 പേരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. ബി.ജെ.പി സർക്കാറിന് പിന്തുണ പിൻവലിച്ച എം.എൽ.എമാർ കോൺഗ്രസിനൊപ്പമാണ്.