തിരുവനന്തപുരം : മദ്യനയത്തിന്റെ കരടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന സർക്കാർ നിർദേശം പാർട്ടി അംഗീകരിച്ചതോടെ പുതിയ മദ്യനയത്തിന്റെ ഭാഗമാകും. മദ്യനയത്തിൽ പാർട്ടി നിർദേശിച്ച ഭേദഗതികളടക്കം എക്സൈസ് പരിശോധിച്ച് റിപ്പോര്‍ട്ടാക്കിയശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി വരും. മന്ത്രിസഭ തീരുമാനിക്കുന്ന ഭേദഗതികളോടെ ഏപ്രിൽ മുതലാണ് പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നത്. തിരക്കു നിയന്ത്രിക്കാൻ 175 പുതിയ മദ്യശാലകൾ ആരംഭിക്കണമെന്ന ബവ്റിജസ് കോർപറേഷന്റെ നിർദേശം ഭേദഗതികളോടെ അംഗീകരിച്ചു.
സ്ഥല സൗകര്യമുള്ള ഇടങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രം പുതിയ ഷോപ്പുകൾ ആരംഭിക്കും. ബാർ, ക്ലബ് ലൈസൻസ് ഫീസ് അടക്കമുള്ള ഫീസുകൾ ചെറിയ രീതിയിൽ വർധിക്കും. കള്ളുചെത്തി ശേഖരിക്കുന്നതു മുതൽ ഷാപ്പുകളിലെ വിൽപന ഘട്ടം വരെ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രെയ്സ്’ സംവിധാനം നടപ്പിലാക്കാനും തീരുമാനമായി. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വിൽക്കുന്നത് തടയാനാണ് ഈ നടപടി. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ കൊണ്ടുവരും. 5194 കള്ളുഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. 12,000 ചെത്തു തൊഴിലാളികളുണ്ടെന്നാണ് സർക്കാർ കണക്ക്. 40,000 ലീറ്ററാണ് പ്രതിദിന ഉൽപാദനം. വീര്യം കുറഞ്ഞ മദ്യം പഴവർഗങ്ങളിൽനിന്ന് ഉണ്ടാക്കുന്നതിന് കർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും.