റിയാദ്: പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഏറ്റവും വലിയ ദിനപത്രം ഇന്നലത്തെ പ്രണയദിനത്തിൽ പുറത്തിറങ്ങിയത് ആകെ ചുവന്നുതുടുത്ത്. വാലന്റൈൻ സ്‍പെഷ്യൽ പതിപ്പടക്കമുള്ള സൗദി അറേബ്യൻ ദിനപത്രമായ അറബ് ന്യൂസിന്റെ മുഖപ്പേജ് കാണുന്നവർ ഒന്ന് അന്തിക്കും തീർച്ച. പ്രണയ രക്തചുവപ്പാർന്ന പേജിൽ വലിയ ലൗവ് ചിഹ്നം. സ്നേഹ പുഷ്പങ്ങൾ കൈമാറുന്ന അറബ് തനത് വേഷം ധരിച്ച പ്രണയികൾ. ‘രാജ്യം പ്രണയം ആഘോഷിക്കുന്നു’ എന്ന് വെണ്ടയ്ക്കാ തലക്കെട്ടും. നാല് വർഷം മുമ്പു വരെ സൗദി അറേബ്യയിൽ ഇത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം.
ഫെബ്രുവരി 14നും അതിന് മുമ്പും ശേഷവുമുള്ള ദിനങ്ങളിലും ചുവന്ന റോസാപുഷ്‍പങ്ങൾക്ക് പോലും വിലക്കുണ്ടായിരുന്ന രാജ്യമാണ്. രാജ്യത്തെ ഫ്ലവർഷോപ്പുകളിൽ ആ ദിനങ്ങളിൽ ചുവന്ന റോസാ പുഷ്‍പങ്ങൾ വിൽക്കാൻ പാടില്ലായിരുന്നു. ആരും അത് ചൂടുകയോ കൊണ്ടുനടക്കുകയോ ചെയ്യരുതായിരുന്നു. റോസാപ്പൂവ് മാത്രമല്ല ചുവന്ന നിറത്തിലും ഹൃദയാകൃതിയിലുമുള്ള ഒരു വസ്തുവും കടകളിൽ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലായിരുന്നു. ‘സദാചാരം സംരക്ഷിക്കാനും ദുരാചാരം തടയാനുമുള്ള’ മതകാര്യ സമിതി കർശനമായി നിരീക്ഷിക്കുകയും സദാചാരം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും പതിവായിരുന്നു. അത് പഴങ്കഥയായി.
‘മാറിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തിന്റെ ശബ്ദം’ (the voice of a changing region) എന്ന അറബ് ന്യൂസ് പത്രത്തിന്റെ ടാഗ് ലൈൻ പോലെയായി കാര്യങ്ങൾ. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ അതിന്റെ മാസ്റ്റ് ഹെഡിന് കീഴെ ആ ആപ്ത വാക്യം പതിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായി. പക്ഷേ അതങ്ങനെ അവിടെ സ്ഥാനം പിടിക്കുമ്പോൾ സൗദി അറേബ്യ ഇന്ന് കാണുന്ന വിധം മാറാൻ തുടങ്ങിയിരുന്നില്ല. ഈ രാജ്യത്തെ പതിറ്റാണ്ടുകളായി അറിയുന്നവർ കൃത്യമായ ഒരു പ്രവചനാത്മക ആപ്തവാക്യം ആണതെന്ന് കരുതിയിട്ടുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ അടിമുടി അനുദിനം മാറിക്കൊണ്ടിരിക്കുന്ന ദേശവും ജനതയുമാണ് സൗദി.
2019 മുതൽ സൗദി അറേബ്യ പ്രണയദിനം ആഘോഷിക്കുന്നു. ഇത്തവണ ആഘോഷത്തിന് പൊലിമയേറി. കാരണമുണ്ട്. പ്രണയദിനാഘോഷത്തിന് ഈ രാജ്യത്ത് അനുമതിയുണ്ടായി പിറ്റേ വർഷം കോവിഡ് വന്നു. ശേഷമുള്ള ഒരു വർഷവും അതിന്റെ ആഘാതത്തിലായിരുന്നു. കഴിഞ്ഞവർഷമാണ് സ്ഥിതിയൊന്ന് മെച്ചപ്പെട്ടത്. ഇപ്പോൾ പൂർവസ്ഥിതിയിലായി. അപ്പോൾ ആഘോഷം കെങ്കേമമായി. ഇത്തവണ ദിവസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പൂക്കടകളും റസ്റ്റോറന്റുകളും ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി മനോഹരമായ പൂച്ചെണ്ടുകളും അനുയോജ്യമായ ഭക്ഷണമെനുകളും ഒരുക്കി ദമ്പതികളെയും അവിവാഹിതരെയും ഒരുപോലെ ആകർഷിക്കാൻ തയാറെടുത്തുകഴിഞ്ഞിരുന്നു.
മഹാമാരിയുടെ അസുഖകരമായ ഓർമകളെ അഗണ്യകോടിയിൽ തള്ളി, രാജ്യത്തുടനീളമുള്ള ദമ്പതികളും പ്രണയികളും വാലന്റൈൻസ് ദിനം ആഘോഷിക്കാൻ സർഗാത്മക മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മുഖപ്പേജിൽ എഴുതിയ അറബ് ന്യൂസ് ഉള്ളിൽ നാല് താളുകളിലായി പ്രണയത്തിന്റെ അറേബ്യൻ ഇതിഹാസ കഥകളും പ്രണയികൾക്ക് ഒത്തുകൂടാനും സമയം ചെലവഴിക്കാനുമുള്ള മനോഹര സ്ഥലങ്ങളുടെ വിവരണവും സെലിബ്രിറ്റി ദമ്പതികളുടെ ആഘോഷ ഫീച്ചറുമടക്കം രുചിവിഭവങ്ങളുൾപ്പെടുത്തി സമൃദ്ധമായ വാലന്റൈൻസ് ഡേ സ്‍പെഷ്യൽ പതിപ്പും പ്രസിദ്ധീകരിച്ചു.
നൂറ്റാണ്ടുകൾക്കപ്പുറം വേരുകളുള്ള കാലത്തിനും തലമുറകൾക്കും അതീതമായ പ്രണയകാവ്യങ്ങളാൽ സമൃദ്ധമാണ് അറേബ്യൻ ഭൂമികയെന്ന് ‘അറബ് ലോകത്തെ ഇതിഹാസ പ്രണയകഥകൾ’ എന്ന ഫീച്ചർ പറയുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് അല്ലെങ്കിൽ പ്രിയപ്പെട്ടവന് സമർപ്പിക്കാനുള്ള പ്രണയദിന സമ്മാനങ്ങളുടെ പരിചയപ്പെടുത്തലാണ് ഇനിയൊരു ഫീച്ചറെങ്കിൽ, ഇണക്കിളികൾക്ക് സല്ലപിക്കാനും ഭക്ഷണം നുണയാനുമുള്ള സ്ഥലങ്ങളെ കുറിച്ചുള്ളതാണ് മറ്റൊന്ന്.
അടുത്തിടെ സൗദി ക്ലബ്ബായ അൽനസ്റിൽ ചേർന്ന ലോക സൂപ്പർ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗ്സിന്റെ സൗദി ആദ്യ പ്രണയദിനാഘോഷത്തെ കുറിച്ചാണ് മൂന്നാം താളിലെ വിഭവം. നാലാം താളും പ്രണയ വിഭവങ്ങളാൽ സമൃദ്ധമാണ്.