ശബരിമല: ശബരിമലയിൽ നടത്തുന്ന അരവണ നിർമാണം ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി. ഹോട്ടലുകളില്‍ അടക്കം ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് ലക്ഷോപലക്ഷം ടിൻ അരവണ നിർമിച്ച് വിതരണം ചെയ്യുന്ന ശബരിമലയിൽ സംസ്ഥാന സർക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് നിയമലംഘനം നടത്തുന്നത്.
അരവണയിൽ ചേർക്കുന്ന ഏലക്കയിൽ വിഷാംശം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹൈകോടതി നിർദേശപ്രകാരം അരവണ വിതരണവും നിർമാണവും നിർത്തിവെക്കുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് മകരവിളക്കിന്‍റെ അവസാന ദിനങ്ങളിൽ ഏലക്ക ഒഴിവാക്കി നിർമിച്ച അരവണയാണ് ഭക്തർക്ക് വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് ശബരിമല പ്രസാദങ്ങൾ ഭക്ഷ്യസുരക്ഷ മാനദണ്ഡപ്രകാരമല്ല നിർമിക്കുന്നത് എന്ന ആരോപണം ശക്തമാകുന്നത്.
ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന രേഖപ്പെടുത്തലുകൾ ഒന്നും തന്നെ ഇല്ലാതെയാണ് അരവണ നിർമാണവും വിൽപനയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശരണംഅയ്യപ്പ, ശബരിമല ദേവസ്വം, അരവണ പ്രസാദം എന്നതിന് പുറമേ ബാച്ച് നമ്പറും നിര്‍മിച്ച തീയതിയും മാത്രമാണ് അരവണ ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഭക്ഷണ സാധനത്തിന്‍റെ സ്വഭാവം, തൂക്കം, പരമാവധി വില്‍പന വില, നിര്‍മിച്ച ദിവസം, ഉപയോഗിക്കാന്‍ കഴിയുന്ന കാലാവധി, നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍, മറ്റ് പോഷക ഘടകങ്ങൾ വെജിറ്റേറിയന്‍/ നോണ്‍ വെജിറ്റേറിയന്‍, എഫ്.എസ്.എസ്.ഐ ലൈസന്‍സ് നമ്പര്‍, നിര്‍മാതാവിന്‍റെ പൂര്‍ണ വിലാസം എന്നിവയൊന്നും ശബരിമല അരവണ കണ്ടെയ്നറിൽ രേഖപ്പെടുത്തിയിട്ടില്ല.
പായ്ക്കറ്റ് ആഹാരസാധനങ്ങളിൽ എഫ്.എസ്.എസ്.ഐ മുദ്രണം നിർബന്ധമാക്കിയുള്ള നിയമം 2011ലാണ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ ആരാധനാലയങ്ങള്‍ക്ക് അടക്കം മുമ്പുണ്ടായിരുന്ന ഇളവുകള്‍ ഇല്ലാതായി. ഭക്ഷ്യസുരക്ഷ വകുപ്പ് പലകുറി അരവണ നിർമാണത്തിലെ നിയമ ലംഘനം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചില്ല. അതേസമയം കാലങ്ങളായുള്ള രീതിയാണ് അരവണ നിര്‍മാണത്തില്‍ ഇപ്പോഴും തുടരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നൽകുന്ന വിശദീകരണം.
പോയവര്‍ഷത്തെ സി ആന്‍ഡ് എ ജി ഓഡിറ്റ് റിപ്പോര്‍ട്ടിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ് നേടാതെയുള്ള അരവണ നിര്‍മാണത്തെക്കുറിച്ച് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ശബരിമലയിൽ അരവണ നിർമാണവും വിതരണവും നടത്താവൂ എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ചില സംഘടനകൾ.