ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത ആയുര്‍വേദവും സിദ്ധ വൈദ്യവും തങ്ങളുടെ ആചാര്യനായി കണക്കാക്കുന്നത് അഗസ്ത്യമുനിയെയാണ്. 5,000 വര്‍ഷം മുമ്പ് അദ്ദേഹം തലയോട്ടി ശസ്ത്രക്രിയ ചെയ്ത് ചികിത്സിച്ചിരുന്നെന്ന് ഇരു വൈദ്യശാഖകളും അവകാശപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇതുവരെയ്ക്കും പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇസ്രയേലില്‍ നിന്ന് പുരാതന കാലത്ത് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്നതിന് തെളിവ് നല്‍കുകയാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍.
ഇസ്രായേലിലെ ടെൽ മെഗിദ്ദോയിലെ ഒരു ശവകുടീരത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉത്ഖനനത്തിനിടെയാണ് മസ്തിഷ്കം തുറന്ന് ചികിത്സ നടത്തിയ ഒരു മനുഷ്യന്‍റെ അസ്ഥികൂടം പരുവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. 1550 ബിസിയ്ക്കും 1450 ബിസിയ്ക്കും ഇടയിൽ ജീവിച്ചിരുന്ന വെങ്കലയുഗത്തിലെ സഹോദരന്മാരുടെ അസ്ഥികൂടമാണ് ഗവേഷകർ കണ്ടെത്തിയത്. ഇത് സംബന്ധിച്ച പഠനം പ്ളോസ് വണ്‍ എന്ന ശാസ്ത്രീയ മാസികയില്‍ പ്രസിദ്ധീകരിച്ചു. തലയോട്ടിയില്‍ ദ്വാരമുണ്ടാക്കി ചികിത്സ നടത്തുന്നത് (Trephination) ചരിത്രപരമായി ലോകമെമ്പാടും നിലനിന്നിരുന്ന പുരാതന നാഗരികതകളില്‍ ഒരു വൈദ്യസമ്പ്രദായമാണെന്ന് പഠനം പറയുന്നു. എന്നാല്‍, ഈ സമ്പ്രദായം വെങ്കലയുഗം മുതല്‍ നിലനിന്നിരുന്നുവെന്നാണ് ഇപ്പോഴത്തെ പഠനം പറയുന്നത്.
ബിസി 19-ാം നൂറ്റാണ്ടിൽ ഈ മേഖലയിലെ ഏറ്റവും സമ്പന്നവും കോസ്‌മോപൊളിറ്റൻ നഗരവുമയിരുന്നു മെഗിദ്ദോയെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് ഇസ്രായേൽ ഫിങ്കൽസ്റ്റീൻ പറയുന്നു. ലഭിച്ച അസ്ഥികൂടങ്ങളില്‍ നിന്ന് മൂത്ത സഹോദരന് 21 നും 46 നും ഇടയില്‍ പ്രായമുണ്ടെന്ന് കണക്കാക്കുന്നു. ഇളയ സഹോദരനാകട്ടെ 20 കളുടെ തുടക്കത്തിലാണ്. ഇതില്‍ മൂത്ത സഹോദരന്‍റെ തലയോട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സഹോദരങ്ങള്‍ സമൂഹത്തിലെ ഉന്നതരോ രാജകീയ അംഗങ്ങളോ ആയിരിക്കാം. അങ്ങനെയാകാം അവര്‍ക്ക് അപൂർവമായ വൈദ്യചികിത്സ ലഭിച്ചതെന്നും ഗവേഷക സംഘത്തിലെ പ്രധാനിയായ റേച്ചല്‍ കാലിഷര്‍ പറഞ്ഞു.
മൂത്ത സഹോദരനില്‍ നിന്ന് കുഷ്ഠരോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തി. ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന കുഷ്ഠരോഗിയാണ് ഇദ്ദേഹം. ഇതോടെ കുഷ്ഠരോഗാണുക്കള്‍ 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് ഉണ്ടായിരുന്നതിന് തെളിവുകളാണ് ലഭിച്ചത്. ഇരുവരും അവരുടെ ജീവിതകാലത്ത് ഗുരുതരമായ രോഗബാധിതരായിരുന്നിരിക്കാം. എന്നാല്‍ അവരുടെ ഏത് രോഗത്തിനാണ് തലയോട്ടി തുറന്ന് ചികിത്സിച്ചതെന്ന് വ്യക്തമല്ല. ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചിരിക്കാം. ഏങ്കിലും പുരാതനകാലത്ത് തന്നെ മനുഷ്യന്‍ തലയോട്ടി തുറന്ന് ചികിത്സ നടത്താന്‍ ശ്രമിച്ചിരുന്നെന്നത് വൈദ്യശാസ്ത്ര രംഗത്തെ വളര്‍ച്ചയെ കാണിക്കുന്നെന്ന് റേച്ചല്‍ കാലിഷര്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പുരാതന കാലത്ത് തന്നെ ട്രെഫിനേഷൻ ചികിത്സ നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.