കൊച്ചി : പോലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണം ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പോലീസ് കമ്മീഷണർ. പോലീസുദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി എസ്എച്ച്ഒക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും കൊച്ചി പോലീസ് കമ്മീഷണർ സി. നാഗരാജു പറഞ്ഞു.
പോലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊച്ചി പോലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പോലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാം കുറിപ്പിൽ ആരോപിച്ചത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പോലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി വ്യക്തമാക്കിയത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഔദ്യോഗികമായി പോലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും നടി പ്രതികരിച്ചു. കേരള പോലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞായിരുന്നു നടി അർച്ചന കവിയുടെ പോസ്റ്റ്. പോലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും അര്‍ച്ചന പറയുന്നു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പോലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.