ബെംഗളൂരു: അടുത്ത കാലത്തായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്ഥിരമായി വെള്ള ടീഷർട്ട് ധരിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് ധരിച്ചു തുടങ്ങിയ രാഹുലിന്റെ വെള്ള ടീഷർട്ട് പല തരത്തിലും ചർച്ചയുമായിരുന്നു. ആഢംബരമാണ് വെള്ള ടീ ഷർട്ടെന്ന് എതിർ ചേരിയിലുള്ളവർ വിമർശിച്ചുവെങ്കിലും ഏറെക്കാലമായി അതേ വസ്ത്ര ധാരണരീതി തുടരുകയാണ് രാഹുൽ. അതിനിടയിലാണ് എന്തു കൊണ്ടാണ് ഈ വസ്ത്രം എന്ന ചോദ്യം ഉയരുന്നത്.
എന്തുകൊണ്ട് വെള്ള ടീ-ഷർട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുൽ ഈ ചോദ്യം നേരിട്ടത്. എന്നാൽ വളരെ ലളിതമായി ചിരിച്ചു കൊണ്ട് രാഹുൽ മറുപടി നൽകുകയായിരുന്നു. സുതാര്യവും ലളിതവുമാണ് ഈ വേഷമെന്നായിരുന്നു രാഹുലിന്റെ മറുപടി. സുതാര്യവും ലളിതവുമാണ് ഈ വേഷം. പിന്നെ വസ്‌ത്രങ്ങളുടെ കാര്യത്തിൽ താൻ അത്ര ശ്രദ്ധിക്കാറില്ല. സിംപിളായ വസ്ത്രമാണ് ഞാനിപ്പോൾ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും- രാഹുൽ ഗാന്ധി പറഞ്ഞു.
28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 നും ബാക്കി 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 7 നും നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്. 2019ൽ 28ൽ 25 സീറ്റുകൾ നേടി ബിജെപി സംസ്ഥാനം തൂത്തുവാരിയപ്പോൾ, സംസ്ഥാനത്ത് സഖ്യകക്ഷികളായിരുന്ന കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമേ നേടാനായുള്ളൂ.