സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ പ്രമുഖ കത്തോലിക്ക പുരോഹിതന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. രണ്ടാഴ്ചയായി നടക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് മുന്‍ അര്‍ജന്റീനന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ സാല്‍റ്റയിലെ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചത്. വത്തിക്കാനില്‍ ഉന്നത ഉദ്യോഗം കിട്ടിപ്പോയ ബിഷപ്പിനെതിരായ കേസ് അര്‍ജന്റീനയിലെ കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് ഏറ്റവും സ്വാധീനമുള്ള രാജ്യമാണ് അര്‍ജന്റീന. ഇതിനു മുമ്പും സഭയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും, സമാനതകളില്ലാത്ത വിധമാണ് മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ച ചെയ്യപ്പെട്ടത്.
വടക്കന്‍ പ്രവിശ്യയായ സാല്‍റ്റയിലെ ഒറാനിലെ ബിഷപ്പായിരുന്നു ആരോപണ വിധേയനായ ഗുസ്താവോ സാന്‍ഷേറ്റ. സെമിനാരിയിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക തിരിമറി തുടങ്ങിയ പരാതികളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. അര്‍ജന്റീനയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ബിഷപ്പായിരുന്നു ഗുസ്താവോ സാന്‍ഷേറ്റ. തലസ്ഥാന നഗരത്തിലെ പ്രമുഖ സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന ചെറുപ്പക്കാരെക്കൊണ്ട് ബിഷപ്പായിരിക്കെ ഗുസ്താവോ സാന്‍ഷേറ്റ നഗ്നശരീരം മസാജ് ചെയ്യിക്കുമായിരുന്നുവെന്ന് മഠത്തിലെ ചില ജോലിക്കാരും മുന്‍ വൈദിക വിദ്യാര്‍തഥികളും കോടതിയില്‍ മൊഴി നല്‍കി. ബിഷപ്പ് തന്റെ ഫോണില്‍ പോണ്‍ ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചിരുന്നതായും സാക്ഷികള്‍ മൊഴി നല്‍കി.
അടച്ചിട്ട കോടതിയില്‍ നടന്ന വിസ്താരത്തിന്റെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് കോടതി പുറത്തുവിട്ടത്. എന്നാല്‍, വിചാരണയില്‍ സാക്ഷികളായ അഭിഭാഷകരോട് സംസാരിച്ചശേഷം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി വിശദവിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഇത് അര്‍ജന്റീനയില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. വിചാരണ കോടതിയില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. സെമിനാരിയിലെ വിദ്യാര്‍ത്ഥികളുമായി ആരോഗ്യകരമായ ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും തനിക്കെതിരെ തല്‍പ്പര കക്ഷികള്‍ ദുരാരോപണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം കോടതിയില്‍ മൊഴിനല്‍കിയത്. അതിനു പിന്നാലെയാണ് പരാതിക്കാരായ മൂന്ന് പുരോഹിതര്‍ തങ്ങള്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ ആയിരിക്കെ അനുഭവിച്ച പീഡനങ്ങള്‍ കോടതിയില്‍ വിവരിച്ചത്.
സഭയുടെ ആവശ്യങ്ങള്‍ക്കായി ബിഷപ്പിന്റെ ഫോണ്‍ സഭാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കിട്ടിയതിനെ കുറിച്ചാണ് ഒരു പുരോഹിതന്‍ മൊഴി നല്‍കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണിലെ ഗാലറിയില്‍ ചില സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിഷപ്പ് കിടക്കുന്ന രതിചിത്രങ്ങള്‍ കണ്ട് സഭാ ഉദ്യോഗസ്ഥന്‍ ഞെട്ടിപ്പോയതായി മൊഴിയില്‍ പറയുന്നു. ചില പോണോഗ്രാഫി ചിത്രങ്ങളും വീഡിയോകളും ഫോണിലുണ്ടായിരുന്നതായും ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന്, വത്തിക്കാന് ഈ ഉദ്യോഗസ്ഥന്‍ വിശദമായ പരാതി അയച്ചുവെങ്കിലും ബിഷപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് പറഞ്ഞ് വത്തിക്കാന്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അതിനുശേഷം, കൂടുതല്‍ ശക്തനായി തിരിച്ചെത്തിയ ബിഷപ്പ് പഴയതിലുമേറെ മോശമായാണ് പെരുമാറിയതെന്നും വൈദികന്‍ മൊഴിയില്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനു പിന്നാലെ മറ്റൊരു പുരോഹിതനും ബിഷപ്പിന് എതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ചെറുപ്പക്കാരായ സെമിനാരി വിദ്യാര്‍ത്ഥികളെ കൊണ്ട് ബിഷപ്പ് തന്റെ നഗ്ന ശരീരം മസാജ് ചെയ്യിക്കുന്നത് പതിവായിരുന്നുവെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. വൈദിക വിദ്യാര്‍ത്ഥികളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും അവരെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നതും പതിവായിരുന്നുവെന്നും വൈദികന്‍ മൊഴി നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നോട് സഹകരിക്കുന്ന വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും കോടതിക്കു മുന്നില്‍ വൈദികന്‍ മൊഴി നല്‍കി. 2017-ല്‍ ഗുസ്താവോ സാന്‍ഷേറ്റ ബിഷപ്പ് പദവി രാജിവെച്ച് വത്തിക്കാനിലേക്ക് പോയി. അവിടത്തെ ഫിനാന്‍ഷ്യല്‍ ഓഫീസിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്.