കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം. തുടർന്ന് യുവാവിനെ പൊലീസ് പിടികൂടി. കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് കണ്ടെത്തിയത്.
നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. അജ്‌നാസ് നേരത്തെ ഒരു മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നു. അന്നും അറസ്റ്റ് ചെയ്തത് ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു.
ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വാഹനമുൾപ്പടെ നെടുമ്പാശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് സ്റ്റേഷനിൽ വച്ച് വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാർ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു. എഎസ്ഐ കെ.എം. ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.