മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം. രാവിലെ 11ന് തുടങ്ങുമെന്ന് അറിയിച്ച കൗൺസിൽ ഉച്ചക്ക് ഒരു മണിയോടെയാണ് തുടങ്ങാനായത്. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. റിട്ടേണിങ് ഓഫീസറായ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി സമവായ ശ്രമങ്ങൾ നടത്തിയിരുന്നു. മുൻ കമ്മിറ്റിയിലെ ട്രഷററായിരുന്ന മുനീർ ഹാജിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പഞ്ചായത്തിൽനിന്നുള്ള പ്രതിനിധികൾ ബഹളം വെച്ചത്.
കല്ലട്ര മാഹിൻ ഹാജി പ്രസിഡന്റും എ. അബ്ദുറഹ്മാൻ ജനറൽ സെക്രട്ടറിയും മുനീർ ഹാജി ട്രഷററുമായ കമ്മിറ്റിയെയാണ് സമവായത്തിലൂടെ തെരഞ്ഞെടുത്തത്. ഇത് അംഗീകരിക്കില്ലെന്നായിരുന്നു മുനീർ ഹാജിയെ പിന്തുണക്കുന്നവരുടെ നിലപാട്. എറണാകുളത്തും കഴിഞ്ഞ ദിവസം നടന്ന ജില്ലാ കൗൺസിലിൽ കയ്യേറ്റവും വഴക്കും ഉണ്ടായിരുന്നു.