അജ്മീർ: രാജസ്ഥാനിൽ വസ്തുതർക്കത്തെ തുടർന്ന് അമ്മാവന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. അജ്മീറിൽ ആണ് സംഭവം. ഭാഗ എന്നയാളാണ് വെടിയുതിർത്തതെന്നും ഹമീദ് എന്നയാൾക്കാണ് വെടിയേറ്റതെന്നും ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. ധൈര്യമുണ്ടെങ്കിൽ വെടിവെക്കാൻ യുവാവ് വെല്ലുവിളിച്ചതിന്റെ പിന്നാലെയാണ്, തോക്കുമായി വന്ന അമ്മാവൻ വെടിയുതിർത്തത്. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
അമ്മാവനായ ഭാഗ, ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഇരട്ടത്തോക്ക് ചൂണ്ടി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ.ഇരുവരും തർക്കത്തിൽ ഏർപ്പെടുന്നതും കാണാം. ഇതിനിടയിൽ ധൈര്യമുണ്ടെങ്കിൽ വെടിയുതിർക്കൂ എന്ന് ഹമീദ് പറയുന്നുണ്ടായിരുന്നു. എന്നാൽ രണ്ടാമതൊന്ന് ആലോചിക്കാതെ അമ്മാവനായ ഭാഗ വെടിയുതിർക്കുകയായിരുന്നു. ഹമീദിന്റെ സ്വകാര്യ ഭാഗത്താണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അജ്മീറിലെ ബീവാർ മേഖലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
ഹമീദിനെ ആദ്യം പ്രാദേശത്തുള്ള ചെറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.സംഭവത്തിനിടെ പരിക്കേറ്റ ഹമീദ് തന്നെയായിരുന്നു വീഡിയോ പകർത്തിയത്.
ഹമീദിന്റെ വസ്തുവിൽ നിന്ന് ഭാഗ സമ്മതമില്ലാതെ മണ്ണ് നീക്കം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് പാടില്ലെന്ന് ഭാഗയോട് ഹമീദ് പലവട്ടം നിർദ്ദേശിച്ചിരുന്നു. തുടർന്നായിരുന്നു വീഡിയോ പകർത്താൻ എത്തിയത്. എന്നാൽ ഇത് തടയാനായാണ് ഇരട്ടക്കുഴൽ തോക്കുമായി ഭാഗ ഹമീദിന് നേരെ വന്നത്. അമ്മാവൻ വെടിയുതിർക്കില്ലെന്ന ധൈര്യത്തിൽ വെല്ലുവിളി നടത്തിയ ഹമീദിന് നേരെ അപ്രതീക്ഷിതമായി ഭാഗ വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ പരിക്കുകൾ ഗൌരവമുള്ളതാണെന്നും ചികിത്സാ വിവരങ്ങൾ വൈകാതെ ലഭ്യമാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.