ചാത്തന്നൂർ: ഉളിയനാട് ചിറക്കര വില്ലേജ് ഓഫിസിന് സമീപത്തെ കനാൽ പുറമ്പോക്കിൽ കൈകാലുകൾ അറ്റ രീതിയിൽ കണ്ട മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിലായി. മദ്യപാനത്തിന് ശേഷമുള്ള തർക്കത്തിനിടയിൽ സുഹൃത്തായ ചിറക്കര സ്വദേശിയെ കുത്തികൊലപ്പെടുത്തിയ പശ്ചിമബംഗാൾ സ്വദേശി റാംധൻ ആണ് പിടിയിലായത്.
19ന് രാത്രി 8.45 നാണ് കൈകാലുകൾ അറ്റ നിലയിൽ മൂന്നുദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം ചാത്തന്നൂർ പൊലീസ് പട്രോളിങ് സംഘം കണ്ടെത്തിയത്. വിശദ അന്വേഷണത്തിലാണ് ചിറക്കര ചരുവിളവീട്ടിൽ സുരേഷ് (41) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉള്ളതായും നെഞ്ചിൽ വലത് വാരിയെല്ല് ഭാഗത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് ഏൽപിച്ച ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നും വ്യക്തമായി.
അന്വേഷണത്തിൽ ഹോളോബ്രിക്സ് കട്ട കമ്പനിയിൽ ജോലിക്ക് നിന്നിരുന്ന ബംഗാൾ സ്വദേശി റാംധനോടൊപ്പം 17ന് രാവിലെ സുരേഷിനെ കണ്ടിരുന്നു എന്ന നാട്ടുകാരുടെ മൊഴി നിർണായകമായി. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇരുവരും ഒരുമിച്ച് കനാൽ പുറമ്പോക്കിലേക്ക് പോകുന്നതും കുറച്ച് സമയത്തിന് ശേഷം റാംധൻ ഒറ്റക്ക് മടങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് 17ന് റാംധൻ സ്ഥലംവിട്ടുപോയതായും കണ്ടെത്തി. ഇയാളുടെയും ഭാര്യയുെടയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ കോട്ടയം മണിമല ഭാഗത്തെ ഹോളോബ്രിക്സ് കമ്പനിയിൽ നിന്നാണ് പ്രതിയെ ചാത്തന്നൂർ പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ വി. ശിവകുമാർ, എസ്.ഐമാരായ ആശ വി. രേഖ, ഷാജി, പ്രജീബ്, സി.പി.ഒ മധു, പ്രശാന്ത്, കണ്ണൻ, രതീഷ്, സെയ്ഫുദ്ദീൻ, ശ്രീലത, ഹോംഗാഡ് സോമൻപിള്ള എന്നിവരടങ്ങുന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.