യൂട്യൂബർമാരുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് ആളുകളെ പ്രാങ്ക് ചെയ്യുക എന്നത്. അങ്ങനെ പ്രാങ്ക് ചെയ്യുന്ന അനേകം വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. എന്നാൽ, ചില ആളുകളെ സംബന്ധിച്ച് ഇത്തരം പ്രാങ്കുകൾ അധികം ഇഷ്ടപ്പെടണം എന്നില്ല. എങ്കിൽ പോലും അവരെ അക്രമിക്കുക എന്നത് ശരിയല്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു യൂട്യൂബർക്ക് വെടിയേറ്റ സംഭവം ഉണ്ടായി.
യുഎസ്എയിലെ വെർജീനിയയിലാണ് സംഭവം നടന്നത്. ഒരു മാളിൽ പ്രാങ്ക് ചെയ്യുകയായിരുന്നു യൂട്യൂബർ. എന്നാൽ, ഇത് രസിക്കാത്ത ഒരാൾ യൂട്യൂബർക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. ടാനർ കുക്ക് എന്ന യൂട്യൂബറിന് നേരെയായിരുന്നു അക്രമം നടന്നത്. മാളിൽ പ്രാങ്ക് ചെയ്യുകയായിരുന്ന ടാനർ കുക്കിനെ ഒടുവിൽ വെടിയേറ്റതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ഡുള്ളസ് ടൗൺ സെന്റർ മാളിൽ വച്ചാണ് സംഭവം നടന്നത്. കുക്കിന് നേരെ വെടിയുതിർത്തത് അലൻ കോളി എന്ന് പേരുള്ള ആളാണ്. പ്രാങ്കിനിടെ കുക്കും അലൻ കോളിയും തമ്മിലുള്ള തർക്കം രൂക്ഷമാവുകയായിരുന്നു. അതിനിടെ അലൻ കോളി കുക്കിന് നേരെ വെടിയുതിർത്തു. വയറ്റിലാണ് വെടിയേറ്റത്. മാളിന്റെ മധ്യത്തിൽ വച്ചാണ് വെടിയേറ്റത് എന്നാണ് പറയുന്നത്.
കുക്കിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായിരുന്നു എന്നതിനാൽ തന്നെ ജീവനുവേണ്ടി പോരാട്ടം തന്നെ നടത്തേണ്ടി വന്നു കുക്കിന്. വെടിയുതിർത്ത 31 -കാരനായ അലൻ കോളിയെ ഏപ്രിൽ രണ്ടിന് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് കൊണ്ടു പോകുന്നതിന്റെ വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 40,000 ഫോളോവേഴ്സുണ്ട് കുക്കിന്റെ യൂട്യൂബ് ചാനലിന്. അതിന് വേണ്ടി പതിവ് പോലെ വീഡിയോ എടുക്കാൻ പോയതാണ് എന്നും അതിനിടയിലാണ് സംഭവം നടന്നത് എന്നും പിന്നീട് കുക്ക് പറഞ്ഞു. സംഭവം മാളിൽ വന്ന ജനങ്ങളെയും പരിഭ്രാന്തിയിലാക്കി.