ജയ്പൂർ: പൊതുസ്ഥലത്ത് തർക്കത്തിലേർപ്പെട്ട രണ്ട് പൊലിസുകാരെ രാജസ്ഥാൻ പൊലീസ് ചീഫ് ഉമേഷ് മിശ്ര സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം ബൻസാര ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗാർ ധാം സന്ദർശിക്കാനെത്തിയ അവസരത്തിലാണ് സംഭവം. സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി പോയതിന് തൊട്ടുപിന്നാലെ രാജസ്ഥാൻ പൊലീസ് സർവ്വീസ് ഉദ്യോഗസ്ഥനായ വിവേക് സിംഗ്, ഇൻസ്പെക്ടർ ശൈലേന്ദ്ര സിംഗ് എന്നിവർ തമ്മിലാണ് വഴക്ക് ആരംഭിച്ചത്.
പ്രധാനമന്ത്രി എത്തിച്ചേർന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിച്ച കയറിനെ ചൊല്ലിയായിരുന്നു ഇവരുടെ തർക്കം. തർക്കം മുറുകിയതോടെ ഇവരെ സമാധാനിപ്പിക്കാൻ അവിടെയുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.