ബെംഗളൂരു: ഓവർടേക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ബൈക്ക് യാത്രികന് ബസ് ഡ്രൈവറുടെ ക്രൂരമർദ്ദനം. ബെംഗളൂരു യെലഹങ്കയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ ബിഎംടിസി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികനുമായി തർക്കമുണ്ടായി. തുടർന്ന് ബൈക്ക് യാത്രികൻ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് ഡ്രൈവർ ആനന്ദ ബൈക്ക് യാത്രികനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ സന്ദീപ് ബോണിഫസ് (44) എന്നയാൾക്ക് മർദനത്തിൽ പരിക്കേറ്റു. സംഭവ സമയം സന്ദീപിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഡ്രൈവറെ സസ്പെൻഡ് ചെയ്തതായി ബിഎംടിസി അറിയിച്ചു.
ബിഎംടിസി ബസിനുള്ളിൽ വെച്ചാണ് ബസ് ഡ്രൈവർ ബൈക്ക് യാത്രികനെ മർദിച്ചത്. യെലഹങ്ക ന്യൂ ടൗണിലെ പുട്ടെനഹള്ളിയിൽ കാന്തി സ്വീറ്റ്‌സിന് സമീപമായിരുന്നു സംഭവം. സംഭവത്തിന് ശേഷം ബോണിഫസ് യെലഹങ്ക ന്യൂ ടൗൺ പൊലീസിൽ പരാതി നൽകി. കുറ്റാരോപിതനായ ബസ് ഡ്രൈവർ ആനന്ദ പിബിയും പൊലീസിൽ പരാതി നൽകി. തന്റെ മുന്നിലും പിന്നിലുമായി രണ്ട് ബിഎംടിസി ബസുകൾ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നും പുത്തേനഹള്ളിയിൽ വച്ച് മുന്നോട്ട് പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ പ്രകോപനപരമായി തോന്നിയ ബസ് ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങി മർദ്ദിക്കുകയായിരുന്നു.
Road Rage in #Bengaluru: A #biker was #assaulted by a #BMTC #bus driver for being in the way while overtaking another bus in #Yelahanka.
The driver, who alleged he was shown the middle-finger by the biker, has been suspended. @NammaBengaluroo @WFRising pic.twitter.com/9lLVFhPvZK
— Rakesh Prakash (@rakeshprakash1) November 24, 2022
തുടർന്ന് ഡ്രൈവർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് ബസിൽ കയറി. താക്കോൽ തിരികെ വാങ്ങാൻ സന്ദീപ് ബസിൽ കയറിയപ്പോൾ വാതിലടച്ച് ഡ്രൈവർ വീണ്ടും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് സന്ദീപുമായി പുത്തേനഹള്ളി ഡിപ്പോയിലേക്ക് ബസോടിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബൈക്ക് യാത്രികൻ ആശുപത്രിയിലെത്തിയത്. സംഭവം വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആരോപണവിധേയനായ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തെന്നും ബിഎംടിസി അധികൃതര്‍ അറിയിച്ചു.