ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി ആരോപണം. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സൂറത്ത് എക്‌സ്പ്രസ് ട്രെയിനിൽ ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ച ശേഷം ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
25 വയസ്സുള്ള യുവാവിനും ബന്ധുവായ സ്ത്രീക്കും(35) ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും ജാർഖണ്ഡ് സ്വദേശികളാണ്. സംഭവസമയത്ത് സൂറത്തിലേക്ക് പോവുകയായിരുന്നു. റെയിൽവേ ട്രാക്കിന് സമീപം ഒരു സ്ത്രീയും പുരുഷനും പരിക്കേറ്റ് കിടക്കുന്നതായി രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് ബിലൗവ സ്റ്റേഷൻ ഇൻചാർജ് രമേഷ് ഷാക്യ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂറത്ത് എക്‌സ്പ്രസിന്റെ ഒരു കമ്പാർട്ടുമെന്റിൽ മൂന്ന് യുവാക്കൾ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ തുടങ്ങിയതോടെയാണ് തർക്കമുണ്ടായതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഫോട്ടോ എടുക്കുന്നത് എതിർത്തതോടെ മർദിച്ചു. പിന്നലെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. അന്വേഷണം സർക്കാർ റെയിൽവേ പൊലീസിന് (ജിആർപി) കൈമാറിയിട്ടുണ്ടെന്നും അക്രമികളെ തിരിച്ചറിയാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് സിംഗ് ചന്ദേൽ പറഞ്ഞു.