ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, കോൺഗ്രസിനെതിരായ മഞ്ഞൾ പരാമർശത്തിൽ പ്രതികരണവുമായി തെലങ്കാന മന്ത്രി കെ തരകരാമ റാവു രംഗത്ത്. മഞ്ഞളിന് പ്രതിരോധ ശക്തിയുണ്ടെന്ന് കൊവിഡ് സമയത്ത് താൻ പറഞ്ഞതിനെ കോൺഗ്രസ് ആക്ഷേപിച്ചെന്നും ഇതിലൂടെ മഞ്ഞൾ കർഷകരെ അപമാനിക്കുകയാണ് അവർ ചെയ്തതെന്നുമാണ് മോദി പറഞ്ഞത്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന. എന്നാൽ, കർഷകരെ അപമാനിക്കുന്നത് കേന്ദ്രസർക്കാരാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്കാന മന്ത്രി.
നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതാണ് ഏറ്റവും വലിയ അപമാനിക്കൽ എന്നാണ് തരകരാമ റാവു പറയുന്നത്. “മഞ്ഞൾ കർഷകരുടെ ക്ഷേമത്തിനായി ബോർഡ് രൂപീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ബോണ്ട് പേപ്പറിലെഴുതി ഉറപ്പ് നൽകിയതുമാണ്. എന്നാൽ, പിന്നീട് ഇക്കാര്യം മറന്നു. നിരവധി പ്രതിഷേധങ്ങൾ കർഷകർ നടത്തിയപ്പോൾ അവയൊന്നും കണ്ടില്ലെന്ന് നടിച്ചു. നിസാമാബാദിൽ നിന്നുള്ള ബിജെപി എംപി കർഷകർക്ക് നൽകിയ ഈ ബോണ്ട് പേപ്പർ താങ്കൾക്ക് ഓർമ്മയുണ്ടോ” എന്നാണ് ട്വിറ്ററിലൂടെ തരകരാമ റാവുവിന്റെ ചോദ്യം. ബോണ്ട് പേപ്പറിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മോദിയുടെ മഞ്ഞൾ പരാമർശം ട്വിറ്ററിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിരവധി ഡോക്ടർമാരാണ് അദ്ദേഹത്തിന്റെ വാദത്തിനെതിരെ രംഗത്തുവന്നത്. മഞ്ഞളിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും വാക്സിനെടുക്കുക മാത്രമാണ് ശരിയായ പ്രതിരോധ മാർഗമെന്നുമായിരുന്നു പ്രധാന പ്രതികരണം.