തിരുവനന്തപുരം: കണ്ണൂരില്‍ എസ്എഫ്ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ പയ്യാമ്പലത്താണ് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തത്. പുതുവർഷത്തിലും ഗവർണറുമായി പോരിന് തന്നെയെന്ന സന്ദേശമായി എസ്എഫ്ഐയുടെ കോലം കത്തിക്കൽ.
കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ, ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡന്‍റ്, വിഷ്ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് ചന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ പ്രതികളാണ്.