പെരിയാർ∙ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ കഴിയുന്ന അരിക്കൊമ്പൻ നാലാം ദിവസവും തമിഴ്നാട് അതിർത്തിയിൽ. 3 ദിവസത്തിനുള്ളിൽ 30 കിലോമീറ്റർ കൊമ്പൻ സഞ്ചരിച്ചു എന്ന് വനം വകുപ്പ് വ്യക്തമാക്കി. ഉത്സവം നടക്കുന്നതിനാൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു.
ഏറ്റവും ഒടുവിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ മേഘമലയിലാണ്. തുറന്നുവിട്ട സ്ഥലത്തേക്ക് വരികയും വീണ്ടും തമിഴ്നാട് അതിർത്തിയിലേക്ക് പോവുകയും ആണ് കൊമ്പൻ ചെയ്യുന്നത്. രാവിലെ മുല്ലക്കൊടി ഭാഗത്തായിരുന്നു സിഗ്നലുകൾ കണ്ടത്. 30 കിലോമീറ്റർ ഏറെ ദൂരം ഇതിനകം പെരിയാറിനുള്ളിൽ അരിക്കൊമ്പൻ സഞ്ചരിച്ചു എന്നാണ് വനംവകുപ്പിന്റെ കണക്ക്.
വിവിധ സംഘങ്ങളായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. സിഗ്നലുകൾ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ലഭിക്കുന്നത്. ഇന്നലെ തമിഴ്നാട് വന മേഖലയിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ചിരുന്നു. ശേഷം തിരികെ മേദകാനം ഭാഗത്തേക്കും എത്തി.
അതേസമയം നാളെ പെരിയാർ വനത്തിനുള്ളിലെ മംഗളാദേവിയിൽ ഉത്സവം നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തർ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉത്സവത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആനയെ കൂടുതൽ നിരീക്ഷിക്കുന്നത്. മേഖലയിലേക്ക് അരിക്കൊമ്പൻ കടന്നുവന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കാരണമാണ് കൂടുതൽ സുരക്ഷ.