ചെന്നൈ: തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് വനംവകുപ്പ്. ആന തീറ്റയെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അപ്പര്‍ കോതയാല്‍ മേഖലയില്‍ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്റെ അടുത്ത് മറ്റ് ആനകളുടെ കൂട്ടവുമുണ്ട്. പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങിയെന്ന് വനംവകുപ്പ് വിശദീകരിച്ചു. ക്ഷീണിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂണ്‍ 10 ന് എടുത്തതാണ്. ആന നില്‍ക്കുന്നതിന് 100 മീറ്റര്‍ അകലെ നിന്നാണ് ആ ദൃശ്യം പകര്‍ത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സെമ്പകപ്രിയ പറഞ്ഞു.