കമ്പം: തമിഴ്‌നാട് വനംവകുപ്പിനെ വട്ടം ചുറ്റിച്ച് അരിക്കൊമ്പന്‍. രണ്ടാം ദിവസവും വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ് വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്‌നലുകള്‍ നല്‍കുന്ന സൂചന. വെള്ളം കുടിക്കാന്‍ ഷണ്‍മുഖ നദിയോരത്തെത്തിയാല്‍ പിടികൂടാനാകുമോയെന്നാണ് വനപാലകര്‍ നോക്കുന്നത്.
ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎല്‍എ എന്‍ രാമകൃഷ്ണന്‍ പറഞ്ഞു. അരിക്കൊമ്പനെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷന്‍ കിട്ടിയ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അടുത്ത ട്രാക്കര്‍മാരുണ്ടെന്നും എംഎല്‍എ അറിയിച്ചു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്. എന്നാല്‍ പിടികൊടുക്കില്ലെന്ന വാശിയിലാണ് കൊമ്പനിപ്പോഴും. ജനവാസ മേഖലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി വനത്തിനുള്ളില്‍ നിന്നിരുന്ന കൊമ്പന്‍ ഇന്ന് രാവിലെയാണ് താഴേക്കിറങ്ങി വന്നത്.