ഇടുക്കി : വനത്തിൽ നിന്നും പുറത്തു വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു. ഷൺമുഖ നദിക്കരയിൽ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും. രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. നദീതീരത്ത് നിന്നും ഉൾവനത്തിലേക്ക് കയറിപ്പോകാത്തത്, ആവശ്യത്തിന് വെള്ളം കിട്ടുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തൽ. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം. ദൗത്യ സംഘത്തെ സഹായിക്കാൻ മുതുമലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദിവാസി സംഘത്തെയും എത്തിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മാത്രം മയക്കുവെടി വെക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
അതേ സമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നിവയാണ് ആവശ്യങ്ങൾ. കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും എതിർകക്ഷിയാക്കിയാണ് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.