കോഴിക്കോട് : ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാർട്ടിക്കാരും അനുഭാവികളും തനിക്കെതിരെ നിർത്താതെ അധിക്ഷേപങ്ങൾ തുടരുകയാണെന്ന് അരിത ഫേസ്ബുക്കിൽ പങ്കുവച്ച കത്തിൽ പറഞ്ഞു.
നിങ്ങൾ പറയുന്ന പുരോഗമനപക്ഷ , സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഈ വെട്ടുകിളികളെ നിലക്കുനിർത്തണമെന്നും എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവരുടെ നിത്യഭക്ഷണമെങ്കിൽ അവരെ തള്ളിപ്പറയാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റുമാണ് താൻ ഇപ്പോഴും ഉപജീവനം നടത്തുന്നതെന്നും അരിത പറഞ്ഞു. ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയിൽ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ്. എന്നാൽ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തിൽ വിളംബരം ചെയ്യുന്ന ചിലർ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്ത് നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
”പാൽക്കാരീ, കറവക്കാരീ എന്നുമൊക്കെയുള്ള വിളികൾ അതിന്റെ നേരിട്ടുള്ള അർത്ഥത്തിലാണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയബോധ്യം എനിക്കുണ്ട്. എന്നാൽ ‘കറവ വറ്റിയോ ചാച്ചീ’, ‘നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപം പാൽ കറന്നാലോ ഈ രാത്രിയിൽ?’ എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലിൽ എഴുതിവയ്ക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെ കുറിച്ച് വന്ന വാർത്തകൾ ഞാൻ പണംകൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിൻബലമില്ലാതെ അവർ പ്രചരിപ്പിക്കുന്നു.” തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേക പ്രോഗ്രാം തയാറാക്കിയ മാധ്യമപ്രവർത്തക ലക്ഷ്മിപത്മയ്‌ക്കെതിരെ നടക്കുന്ന കടുത്ത അധിക്ഷേപങ്ങളും അരിത കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പൊതുപ്രവർത്തകയായ താനും മാധ്യമപ്രവർത്തകയായ ലക്ഷ്മിപത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തിൽനിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അത് നിരാശപ്പെടുത്തുന്നതാണെന്നും അരിത കൂട്ടിച്ചേർത്തു.