മലപ്പുറം : കരിപ്പൂർ പൊലീസ് കഴിഞ്ഞ മാസം പിടികൂടിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ അസൂത്രകൻ അർജുൻ ആയങ്കിയെന്ന് സ്ഥിരീകരണം. വിദേശത്ത് നിന്നും ഒരു സംഘം കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശം നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്.
2021 ജൂൺ 21 ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറിൽ കാത്തുനിന്നയാളാണ് അർജ്ജുൻ ആയങ്കി. രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വർണ്ണം കൈക്കലാക്കുകയും ചെയ്യുന്നതിലെ മുഖ്യ ആസൂത്രകൻ അയാളാണെന്ന് നേരത്തെ കസ്റ്റംസും കണ്ടെത്തിയിരുന്നു. അതേ സമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയെ കൊണ്ടോട്ടി പൊലീസാണ് കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ രാഷ്ട്രീയ പ്രവർത്തകനായിരിക്കെയാണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീൽ പരിഗണിച്ചാണ് കാപ്പ റദ്ദാക്കിയത്. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.