ബെംഗളൂരു ∙ പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ പറ്റി സംസാരിക്കാന്‍ ശ്രമിച്ച സ്വാമിയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വ്യാഴാഴ്ച ബെംഗളൂരുവിലെ മഹാദേവപുരയിൽ മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കവും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയില്‍ നിന്നാണ് മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. പ്രശ്‌നത്തിന് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.‘‘മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്‌നങ്ങൾ നേരിടുന്നു. അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മഴ പെയ്താൽ എന്താണ് പ്രശ്നം എന്ന് അവർ മനസ്സിലാക്കുന്നില്ലേ? ശാശ്വതമായ പരിഹാരം കാണുമെന്ന് പല മുഖ്യമന്ത്രിമാരും പറഞ്ഞു’’– സ്വാമി പറഞ്ഞു. ഉടൻ തന്നെ ബസവരാജ് ബൊമ്മെ മൈക്ക് പിടിച്ചുവാങ്ങി മറുപടി നൽകി.
‘‘എന്റെ ഉദ്യോഗസ്ഥർ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു. നഗരത്തിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഞാൻ മറ്റ് മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ പോലെയല്ല. എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ എന്ത് വിലകൊടുത്തും ചെയ്യും’’– മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തുടർച്ചയായി മൂന്ന് ദിവസത്തെ മഴയെത്തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വികസനത്തെ പറ്റിയുള്ള വിമര്‍ശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയായിരുന്നു സ്വാമിയുടെ പരാമര്‍ശം.