ചെന്നൈ : മിഗ്ജൗമ് ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍, മടങ്ങിപ്പോകാനാതെ രണ്ടായിരത്തോളം അയ്യപ്പഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി ട്രെയിനുകളാണ് മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയത്. ചെന്നൈയിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാകരും കുടുങ്ങിയത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും. സ്റ്റേഷനിലെ തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞുകവിഞ്ഞു.
എത്ര ദിവസം ഇങ്ങനെ തുടരാനാകുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. പലരുടെയും കയ്യില്‍ ആവശ്യത്തിന് പണവുമില്ല. അധികം നാൾ തങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യം ബാക്കി. 35 ദീര്‍ഘദൂര സര്‍വീസുകൾ റദ്ദാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് മാര്‍ഗങ്ങളിലൂടെ നട്ടിലെത്താന്‍ പലരും ആലോചിക്കുന്നു. എന്നാല്‍ ബസുകളിലെയും സമാന്തരവാഹനങ്ങളിലെയും നിരക്കും സമയ ദൈര്‍ഘ്യവും കാരണം മിക്കവരും പിന്മാറുകയാണ്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് മുഴുന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.












