കൊല്ലം: തമിഴ്‌നാട്ടിൽനിന്നുള്ള ശ്രീലങ്കൻ അഭയാർഥികളെ കനഡയിലേക്ക് കടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈശ്വരിയുടെ പേരിൽ നീണ്ടകരയിൽനിന്ന് വാങ്ങിയ ബോട്ടിലാണ് 80 അംഗ സംഘം കനഡയിലേക്ക് പുറപ്പെട്ടതെന്ന് ക്യൂബ്രാഞ്ച് കണ്ടെത്തി. ഒക്ടോബറിൽ തമിഴ്‌നാട് പൊലീസ് ഈശ്വരിയെ ചോദ്യം ചെയ്‌തിരുന്നു. അന്വേഷണത്തിൽ ഇവർക്കും മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ കേസിൽ ഏഴാം പ്രതിയാക്കി.
തമിഴ്‌നാട് തിരുനൽവേലി പെരുമാൾപുരം ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽനിന്നുള്ള സംഘമാണ് രാമേശ്വരത്തുനിന്ന് കടൽമാർഗം കനഡയിലേക്ക് പോയത്. ഈശ്വരിയുടെ ബന്ധു കരുണാനിധിയാണ് ഇതിനു നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ. ബോട്ടിന് രൂപമാറ്റം വരുത്തിയെന്നും ഡീസൽ ടാങ്കിന്റെ വലിപ്പം വർധിപ്പിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി.കനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ യാത്രാമധ്യേ ബ്രിട്ടീഷ് നാവികസേന പിടികൂടി ജയിലിൽ അടച്ചെന്നാണ് സൂചന. കന്യാകുമാരി ക്യൂ ബ്രാഞ്ച് ഇൻസ്‌പെക്ടർ ബാൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈശ്വരിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.