പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അർധരാത്രിയില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട ഡി.സി.സിയിൽനിന്നാരംഭിച്ച പ്രകടനത്തിന് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നേതൃത്വം നൽകി.സെൻട്രൽ ജങ്ഷനിൽ പൊലീസ്സ്ഥാപിച്ച ഡിവൈഡറുകൾ മറിച്ചിട്ട ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ പൊലീസുമായി നേരിയതോതിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് അറസ്റ്റ് ചെയ്ത നേതക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിടക്കാനുള്ള പൊലീസ് നീക്കത്തെ തുടർന്ന് ആന്റോ ആന്റണി എം.പി യുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുമ്പില്‍ ഉപരോധ സമരം നടത്തി.
സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ നഹാസ് പത്തനംതിട്ട, അനൂപ് വേങ്ങവിളയിൽ, ജിജോ ചെറിയാൻ, സാംജി ഇടമുറി, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ടി.ജി.നിതിൻ, ജനറൽ സെക്രട്ടറിമാരായ ദീപു തെക്കേമുറി, ജിബിൻ കാലായിൽ, ചിത്ര രാമചന്ദ്രൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് അലൽ ജിയോ, ജില്ല സെക്രട്ടറിമാരായ അഡ്വ. ലിനു മാത്യു മള്ളേത്ത്, അൻസർ മുഹമ്മദ്, ആറന്മുള അസംബ്ലി പ്രസിഡന്റ് നെജോ മെഴുവേലി, ആരോൺ ബിജിലി, ജോൺ തണ്ണിത്തോട്, അസ്ലം കെ. അനൂപ്, കാർത്തിക്ക് മുരിങ്ങമങ്കലം, ഫെബിൻ ജെയിംസ്, സിബി മൈലപ്ര, ഷബീർ കോന്നി എന്നിവരെയാണ് പൊലീസ് അറസ്സ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കോൺഗ്രസ് നേതാക്കളായ അഡ്വ. എ.സുരേഷ് കുമാർ, കെ.ജാസിം കുട്ടി, റനീസ് മുഹമ്മദ്, അജിത് മണ്ണിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.