തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ ചിത്രം വച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം പാലായിൽ അറസ്റ്റിൽ. പിരിച്ച പണവുമായി ഉടൻ തന്നെ ബാറിൽ കയറി മദ്യപിക്കാൻ കയറിയതോടെയാണ് തട്ടിപ്പു സംഘത്തിന് പിടിവീണത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്.
കുഞ്ഞിന്റെ അച്ഛൻ ചികിൽസയ്ക്ക് സഹായം തേടി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം വച്ചാണ് തട്ടിപ്പു സംഘം ഫ്ളക്സ് അടിച്ച് നാട്ടുകാർക്കിടയിൽ ബക്കറ്റ് പിരിവ് നടത്തിയത്. മലപ്പുറം ചെമ്മൻകടവ് സ്വദേശി സഫീർ, കോട്ടയം ഒളശ സ്വദേശി ലെനിൽ, ചെങ്ങളം സ്വദേശി ജോമോൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. പിരിഞ്ഞു കിട്ടിയ പണവുമായി സംഘം ബാറിൽ കയറി.
ബാറിൽ വച്ച് മൂവർ സംഘത്തെ കണ്ട നാട്ടുകാരിൽ ഒരാളാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കുട്ടിയുടെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മൂവർ സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്യലിൽ മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംഘം പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ സഫീർ കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് പറഞ്ഞു. പാലാ ഇൻസ്പെക്ടർ കെ.പി. തോംസണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.