തൃശൂർ: വീണുകിട്ടിയ ടോക്കൺ ഉപയോഗിച്ച് ഗുരുവായൂർ ക്ഷേത്രത്തിനു സമീപത്തെ ക്ലോക്ക് റൂമിൽ സൂക്ഷിച്ച മൊബൈൽ ഫോണുകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് കൈക്കലാക്കിയയാൾ പിടിയിൽ. തമിഴ്നാട് നാഗർകോവിൽ സ്വദേശി ശെൽവകുമാറാണ് അറസ്റ്റിലായത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ചുറ്റിത്തിരിയുന്നയാളെ സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ടോണി ചോദ്യം ചെയ്യുകയായിരുന്നു. ടിക്കറ്റ് ചോദിച്ചപ്പോൾ ദിവസങ്ങൾക്ക് മുമ്പ് കായംകുളത്തുനിന്ന് അങ്കമാലിയിലേക്ക് യാത്ര ചെയ്ത ടിക്കറ്റാണ് കാണിച്ചത്. സംശയം കൂടിയതോടെ ടോണി കൺട്രോൾ റൂമിലും ടൗൺ ഈസ്റ്റ് പൊലീസിലും അറിയിച്ചു.
ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ വസ്ത്രങ്ങളും സാധനങ്ങളുമാണെന്ന് പറയുകയും രക്ഷപ്പെടുകയുമായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോൾ അഞ്ച് മൊബൈൽ ഫോണുകളും വസ്ത്രങ്ങളും കണ്ടെത്തി. ശെൽവകുമാർ അലഞ്ഞ് തിരിഞ്ഞ് ഗുരുവായൂരിലെത്തിയപ്പോൾ നിലത്ത് വീണുകിടന്ന ക്ലോക്ക് റൂം ടോക്കൺ ലഭിക്കുകയായിരുന്നു.
ഇതുമായി ക്ലോക്ക് റൂമിൽ ചെന്ന് ബാഗ് കൈപ്പറ്റി. ഉടമകളെത്തി ടോക്കൺ നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിയുന്നത്. ശെൽവകുമാറിൽനിന്ന് പൊലീസ് പിടികൂടിയ മൊബൈൽ ഫോണുകൾ ഓൺ ചെയ്തപ്പോൾ ഉടമകളുടെ വിളിയെത്തുകയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി സാധനങ്ങൾ കൈപ്പറ്റുകയും ചെയ്തു. ശെൽവകുമാറിനെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.