നെടുമങ്ങാട്: പോലീസ് കൺട്രോൾ റൂം വാഹനത്തിെൻറ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പോലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന പേട്ട മുട്ടത്തറ വള്ളക്കടവ് പതിനാർകാൽ മണ്ഡപം പള്ളത്തുവീട്ടിൽ അബൂതാഹിറി(26) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അർധരാത്രി മണിയോടെ കമ്മിപള്ളി ഭാഗത്താണ് കേസിനാസ്പദമായ സംഭവം. അബൂതാഹിർ പ്രദേശത്ത് അതിക്രമം കാണിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനവും സ്റ്റേഷൻ വാഹനവും സ്ഥലത്തെത്തുകയായിരുന്നു. ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന അബൂതാഹിർ പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും സമീപത്തു കിടന്ന കരിങ്കൽ ചീളുകളെടുത്ത് കൺട്രോൾ റൂം വാഹനത്തിെൻറ ഗ്ലാസ് എറിഞ്ഞ് തകർക്കുകയുമായിരുന്നു. പോലീസുകാരനായ ബാദുഷാ മോനെ കല്ലെറിഞ്ഞ് പരിക്കേൽപിക്കുകയും ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അബൂതാഹിർ. നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രേമ, എ.എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ ബാദുഷാമോൻ, രതീഷ്, റോബിൻസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.