കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വ്യാപകമായി തുടരുന്നു. പരിശോധനകളില്‍ നിയമം ലംഘിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് 351 പ്രവാസികളെയാണ് പിടികൂടിയത്.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഖൈത്താന്‍, മഹ്ബൂല, മങ്കഫ്, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സിറ്റി, ഷര്‍ഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും പ്രവാസികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 312 പേര്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ്. രണ്ട് പേരെ മദ്യം കൈവശം വെച്ചതിനാണ് പിടികൂടിയത്. 250 കുപ്പി പ്രാദേശിക മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലൈസന്‍സ് ഇല്ലാതെ മെഡിക്കല്‍ പ്രൊഫഷനിലേര്‍പ്പെട്ട ആറ് പേരെയും പിടികൂടി. ഗാര്‍ഹിക തൊഴിലാളികളുടെ നാല് ഓഫീസുകള്‍ റെയ്ഡ് ചെയ്തതില്‍ നിന്ന് 17 താമസ നിയമലംഘകരും പിടിയിലായി. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 12 പേരെയും അധികൃതര്‍ പിടികൂടി. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.