ദില്ലി: ട്രെയിൻ യാത്രക്കാരിൽ നിന്ന് 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് അറിയിച്ചു. വിവാഹത്തിൽ പങ്കെടുക്കാനായി പോയ സംഘത്തില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിനിലാണ് മോഷണം നടന്നത്. ഒന്നര മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
ഫെബ്രുവരി 4 നാണ് സൂററ്റിൽ നിന്നുള്ള ഒരു കുടുംബത്തിലെ ആറ് പേർ രാജസ്ഥാനിലെ ജോധ്പൂരിലേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത്. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് ആഭരണപ്പെട്ടി നഷ്ടപ്പെട്ടതായി മനസ്സിലായത്. സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിനിലാണ് കുടുംബം യാത്ര ചെയ്തിരുന്നത്. തുടർന്ന് അവർ സൂറത്തിലെ റെയിൽവേ പോലീസിൽ പരാതി നൽകി.
ഉടൻ തന്നെ ജോധ്പൂരിനും സൂറത്തിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്ന് വഡോദര എസ്പി സരോജ് കുമാരി പറഞ്ഞു. കുടുംബം സഞ്ചരിച്ചിരുന്ന അതേ കോച്ചിൽ സഞ്ചരിച്ചവരാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ കുടുംബാംഗങ്ങളുമായി സൌഹൃദം സ്ഥാപിച്ചിരുന്നു. കുടുംബം സൂറത്ത് റെയില്‍വെ സ്റ്റേഷനിൽ ഇറങ്ങാനായി എഴുന്നേറ്റപ്പോള്‍ അഞ്ചംഗ സംഘവും എഴുന്നേറ്റു. കൂട്ടത്തിലൊരാള്‍ തന്ത്രപൂർവ്വം സ്ത്രീയുടെ ബാഗിലുണ്ടായിരുന്ന ആഭരണപ്പെട്ടി കൈക്കലാക്കുകയും ചെയ്തു.
ദില്ലിയിലെത്തി സ്വർണാഭരണങ്ങൾ വിൽക്കാൻ സംഘം ശ്രമിച്ചു. ഇതിനിടെ റെയിൽവേ യാത്രക്കാരിൽ നിന്ന് മോഷണം നടത്തുന്ന സംഘാംഗങ്ങളെക്കുറിച്ച് പൊലീസ് സംഘത്തിന് സൂചന ലഭിച്ചെന്ന് എസ്പി പറഞ്ഞു. സംഘത്തിലെ ഒരാളെ പിടികൂടി. മറ്റ് നാല് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങള്‍ വീണ്ടെടുത്തെന്നും എസ്പി അറിയിച്ചു. ദില്ലിയിലെ സുൽത്താൻപുരി സ്വദേശിയായ രവി എന്ന രഘുവീർ സഷി ആണ് അറസ്റ്റിലായത്.