മുംബൈ : പത്ര ചാൾ കെട്ടിട പുനർനിർമാണ കുംഭകോണക്കേസിൽ ശിവസേന രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സഞ്ജയ് റാവുത്തിനെ മുംബൈയിലെ പ്രത്യേക കോടതി ഈ മാസം എട്ടു വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ കേസിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
പത്ര ചാൾ കെട്ടിട പുനർനിർമാണ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് വർഷ റാവുത്തിന്റെ പേര് ഇഡി പലതവണ പരാമർശിച്ചിരുന്നു. വർഷ റാവുത്തിന്റെ പേരിലുള്ള ചില സ്വത്തുക്കൾക്ക് ഈ കേസുമായി ബന്ധമുണ്ടെന്നാണ് ആക്ഷേപം. അതേസമയം, കേസുമായി ബന്ധപ്പെട്ട് വർഷയെ ഇഡി ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല.
നേരത്തെ, റാവുത്തിന്റെ അടുത്ത അനുയായികളുടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. മുംബൈ നഗരത്തിലെ സാന്താക്രൂസ്, ഗോരേഗാവ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അയച്ച രണ്ട് സമൻസുകൾ അവഗണിച്ച സഞ്ജയ് റാവുത്തിന്റെ വസതിയിലെത്തി റെയ്ഡ് നടത്തിയ അന്വേഷണസംഘം, 15 മണിക്കൂറോളം ചോദ്യം ചെയ്തശേഷം ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.