മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണവേട്ട. 45.7 ലക്ഷം രൂപയുടെ സ്വര്‍ണമാണ് 25ന് നടത്തിയ പരിശോധനയില്‍ പിടികൂടിയതെന്ന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് 814ല്‍ വിമാനത്താവളത്തിലെത്തിയ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 636 ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന് ഏകദേശം 45,79,200 രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നടത്തിയ പരിശോധനയില്‍ 977 ഗ്രാമിന്റെ സ്വര്‍ണമാണ് കണ്ടെടുത്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.