കാന്‍ബെറ: വിമാനത്താവളത്തിലെത്തിയപ്പോള്‍ വൈകി. പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിലെ പൈലറ്റിനെ കൈ കാണിച്ച് വിമാനം താഴെയിറക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍. ഓസ്ട്രേലിയയിലെ കാന്‍ബെറ വിമാനത്താവളത്തിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. ബോർഡ് ചെയ്ത് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം ഒരുങ്ങുന്നതിനിടയ്ക്കാണ് അതീവ സുരക്ഷ മേഖലയിലെ ജീവനക്കാരെ വെട്ടിച്ച് യുവതി റണ്‍വേയിലേക്ക് എത്തിയത്.
ക്വാണ്ടസ് ലിങ്കിന്‍റെ ഇ190എആര്‍ വിമാനത്തിലായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയപ്പോള്‍ വൈകിയതിന് പിന്നാലെ ബോർഡ് ചെയ്യാന്‍ പറ്റാതായതോടെയാണ് യുവതി അറ്റകൈ പ്രയോഗത്തിന് ശ്രമിച്ചത്. വിമാനത്തിലെ പൈലറ്റിനോട് യുവതി സംസാരിക്കുന്നതും മുന്‍ ടയറുകള്‍ക്ക് അരികിലൂടെ നടക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ കയറ്റാന്‍ പൈലറ്റ് വിസമ്മതിച്ചതിന് പിന്നാലെ യുവതി വിമാനത്താവളത്തിലേക്ക് തിരിച്ച് നടന്ന് വരികയായിരുന്നു. ഇവിടെ വച്ചാണ് യുവതി അറസ്റ്റിലാവുന്നത്.
ഉച്ചത്തില്‍ അപായ സൈറനുകള്‍ മുഴങ്ങുന്നതിനിടെ യുവതി റണ്‍വേയ്ക്ക് സമീപത്ത് നിന്ന് മടങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതി കൂടാതെ അതിക്രമിച്ച് കയറിയതിനും വസ്തുവകകള്‍ക്ക് നാശം വരുത്തിയതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജാമ്യം നിഷേധിച്ച യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021ല്‍ വനിതാ യാത്രികയെ ലാന്‍ഡ് ചെയ്ത വിമാനത്തിനെതിരെ പ്രതിഷേധ കൊടികളുമായി എത്തിയതിന് പിന്നാലെ ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.