ആലപ്പുഴ: നഗരസഭയുടെ സംരക്ഷണയിലായിരുന്ന മുംബൈ സ്വദേശിനിയായ യുവതിയേയും കുഞ്ഞിനെയും ബന്ധുക്കൾക്കൊപ്പം യാത്രയാക്കി. ആറു മാസം മുൻപാണ് മുംബെയിൽ നിന്നും യുവതി കോട്ടയം സ്വദേശിയുമായി ആലപ്പുഴയിലെത്തിയത്. മുന്‍പ് ഉണ്ടായിരുന്ന കേസിന്റെ ഭാഗമായി യുവതിക്കൊപ്പമുള്ള യുവാവ് പോലീസ് കസ്റ്റഡിയിലും പിന്നീട് ജയിലുമായി.
ഇതോടെ മുംബെ സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിക്ക് സംരക്ഷകരില്ലാതായി. പൊലീസ് അധികൃതരുടെ ശുപാർശ പ്രകാരം ആലപ്പുഴ നഗരസഭ യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത് നഗരസഭയുടെ ശാന്തിമന്ദിരത്തിൽ താമസിപ്പിച്ചു. മഹിളാ മന്ദിരം ജീവനക്കാരുടെയും, അധികൃതരുടെയും സംരക്ഷണയിൽ യുവതി ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും, കുട്ടിയുടെ പേരിടൽ ചടങ്ങും നഗരസഭ നടത്തി.
യുവതിയുടെ മുംബെയിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇവര്‍ ആലപ്പുഴയിലെത്തുകയും തുടർന്ന് അമ്മയേയും കുഞ്ഞിനേയും ബന്ധുക്കളോടൊപ്പം യാത്രയാക്കുകയുമായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, വാർഡ് കൗൺസിലർ ബി നസീർ, മഹിളാ മന്ദിരം സൂപ്രണ്ട് നിഷ, ജീവനക്കാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.