തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി.തമിഴ്നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ചൊവാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഈ സമയം കാട്ടാക്കട – പൂവാർ ബസിൽ യാത്ര ചെയ്യുകയായിരുന്ന മാറനല്ലൂർ കോട്ടമുകൾ ആരാധന വീട്ടിൽ വാടകയ്ക്ക് താമസക്കുന്ന ശോഭയുടെ ഒന്നേ മുക്കാൽ പവൻ വരുന്ന മാലയാണ് മോഷ്ടിച്ചത്. കോട്ടമുകൾ ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെയാണ് മാല പിടിച്ചുപറിച്ചത്. ബസിൽ ഉണ്ടായിരുന്ന പ്രതികൾ ഷാൾ മുഖത്തു കൂടി ഇട്ടിട്ട് മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു.
എന്നാൽ ബസിൽ നിന്നും ഇറങ്ങിയ സമയത്ത് കഴുത്തിൽ എന്തോ വലിക്കുന്നത് പോലെ തോന്നിയ ശോഭ ബസിൽ നിന്ന് ഇറങ്ങിയ ഉടനെ കഴുത്തിൽ തപ്പി നോക്കിയപ്പോൾ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കി. ഇതിനിടെ ബസ് മുന്നോട്ട് നീങ്ങി. പിന്തുടർന്ന് പോയെങ്കിലും പ്രതികൾ വഴിയിൽ ഇറങ്ങി ഓട്ടോയിൽ രക്ഷപ്പെട്ടതായി മനസ്സിലാക്കി. ഇതോടെ ഓട്ടോ ഡ്രൈവറെ അറിയിച്ച് അവരെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു നിർത്തി മാറനല്ലൂർ പൊലിസിനെ വരുത്തി പ്രതികളെ കൈമാറി. പരിശോധനയിൽ സ്വർണ്ണമാല ഇവരിൽ നിന്നും കണ്ടെത്തി.
കൂട്ടമായി എത്തി തിരക്കുള്ള ബസുകളിൽ കയറിയ ശേഷം മോഷണം നടത്തുകയും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലോ മറ്റ് ബസുകളിലോ മാറിമാറി കയറി മോഷണ മുതലുമായി സ്ഥലം വിടുകയുമാണ് ഇവരുടെ രീതി എന്ന് പൊലിസ് പറഞ്ഞു. ഇത്തരം മോഷണ ശ്രമങ്ങൾക്കെതിരെ യാത്രക്കാരും പൊതുജനങ്ങളും ജാഗരൂകരാകണമെന്നും മാറനല്ലൂർ പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.