ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന ചുവടുവെപ്പുകളാണ് ജിയോ സ്വീകരിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ 46ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിനകത്തെയും പുറത്തെയും ബിസിനസ് സ്ഥാപനങ്ങൾക്കും ഗവണ്മെന്റുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതയെ പരിചയപ്പെടുത്തും. നിലവിൽ കമ്പനി ക്ലൗഡ്, എഡ്ജ് ലൊക്കേഷനുകളിൽ 2,000 മെഗാവാട്ട് വരെ എ.ഐ-റെഡി കമ്പ്യൂട്ടിങ് ശേഷി സൃഷ്ടിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അത്തരം നീക്കങ്ങളിൽ സുസ്ഥിരതയും മികച്ച ഭാവിയും കമ്പനി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ രൂപമാറ്റം വ്യാവസായിക വിപ്ലവം തന്നെ സൃഷ്ടിക്കും. അത് വ്യവസായ സ്ഥാപനങ്ങൾ മുതൽ ഒരു വ്യക്തിയുടെ ജീവിതത്തെ വരെ സ്വാധീനിക്കും. ആർക്കാണ് കൂടുതൽ സാങ്കേതികവിദ്യ നേടാൻ കഴിയുന്നത് അവർ ഈ ടെക് മത്സരത്തിൽ ജയിക്കുമെന്നും അത് സാമ്പത്തികമായും സാംസ്കാരികമായും ആ രാജ്യത്തിന്റെ വളർച്ചയെ വരെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ സാങ്കേതിക വിദ്യ എല്ലാവരിലേക്കും എവിടേക്കും പകർന്നു നൽകുമെന്ന് രാജ്യത്തെ എല്ലാവർക്കും ഉറപ്പുനൽകുന്നു. ഇന്ത്യക്കായി പ്രത്യേക എ.ഐ മോഡലുകളും മറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിന് പിറകിലാണ് ജിയോ. അതുവഴി ഇന്ത്യൻ പൗരന്മാർക്കും ബിസിനസുകൾക്കും സർക്കാരിനും ഒരുപോലെ നിർമിത ബുദ്ധിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.