ഇറ്റാനഗര്‍ : അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് പട്ടാളം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ഇതിനായുള്ള തിയതിയും മറ്റ് വിവരങ്ങളും ഉടൻ അറിയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നാണ് ചൈനീസ് പട്ടാളത്തിന്‍റെ വിശദീകരണം.
അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയായ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിരം തരോൺ എന്ന പതിനേഴുകാരനെ കാണാതായത്. കുട്ടിക്കൊപ്പം ജോണി യായിങ്ങ് എന്നയാളെയും കാണാതായിരുന്നു. വനമേഖലയില്‍ വേട്ടക്ക് പോയതായിരുന്നു ഇരുവരും. കാണാതായവരില്‍ ജോണി യായിങ് പിന്നീട് തിരികെ എത്തി. പിന്നാലെ ചൈനീസ് പട്ടാളവുമായി കരസേന ആശയവിനിമയം നടത്തി. തുടര്‍ന്ന് ചൈനീസ് പട്ടാളം പതിനേഴുകാരനെ വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.