ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മൂന്നുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് റൗസ് അവന്യൂ കോടതി. കസ്റ്റഡിയിലായിരിക്കുമ്പോൾ തനിക്ക് ചില കാര്യങ്ങൾ അനുവദിക്കണമെന്ന് കെജ്‍രിവാൾ അഭ്യർഥിച്ചിരുന്നു. അതുപ്രകാരം കണ്ണടയും ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും വീട്ടിൽ നിന്നുള്ള ഭക്ഷണവും കെജ്‍രിവാളിന് സി.ബി.ഐ കസ്റ്റഡിയിൽ അനുവദിക്കും.
അതുപോലെ ഭഗവത്ഗീത കൈവശം വെക്കാനും അനുമതിയുണ്ട്. ദിവസവും ഒരു മണിക്കൂർ വീതം ഭാര്യയെയും ബന്ധുക്കളെയും കാണാനും അനുമതി നൽകി. അതേസമയം, പാന്റ് ടൈറ്റാക്കാനായി ബെൽറ്റ് അനുവദിക്കണമെന്ന കെജ്‍രിവാളിന്റെ അഭ്യർഥന കോടതി തള്ളി. ജൂൺ 29നാണ് ഇനി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്രിവാൾ. ബുധനാഴ്ചയാണ് സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്