ഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും. അര്‍ദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റോസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ സാധ്യതയുള്ളതിനാല്‍ റോഡില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കെജ്‌രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്രിവാളിന്റെ സ്റ്റാഫിനെ മാസങ്ങള്‍ക്ക് മുന്‍പ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്. എക്‌സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.