ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.
നേരത്തെ, തന്‍റെ അറസ്റ്റ് ശരിവെച്ച ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഉത്തരവ് സ്റ്റേ ചെയ്യാനോ ഹരജി അടിയന്തരമായി കേൾക്കാനോ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് തയാറായിരുന്നില്ല. രണ്ടാഴ്ചക്കുശേഷം മാത്രമാണ് കേസിൽ വാദം കേൾക്കുക.
അതേസമയം, പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാളിന് തിഹാർ അധികൃതർ ഇൻസുലിൻ നിഷേധിച്ചുവെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) ആരോപിച്ചു. ജയിലിൽ വെച്ച് അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കെജ്രിവാളും ആരോപിച്ചിരുന്നു.
എന്നാൽ, കെജ്രിവാളിന് ഇൻസുലിൻ ആവശ്യമില്ലെന്നാണ് തിഹാർ ജയിൽ അധികൃതരുടെ വാദം. കെജ്രിവാൾ കുറച്ചുവർഷങ്ങളായി ഇൻസുലിൻ ഉപയോഗിച്ചിരുന്നതായും എന്നാൽ തെലങ്കാനയിലെ ഡോക്ടറുടെ നിർദേശ പ്രകാരം ഏതാനും മാസമായി അത് നിർത്തിയെന്നും ജയിൽ അധികൃതർ ഡൽഹി ലഫ്.ഗവർണർ വി.കെ. സക്സേനക്ക് റിപ്പോർട്ട് നൽകി.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ ഇൻസുലിൻ നൽകാൻ തയാറാകാത്തതിനെ തുടർന്ന് കെജ്രിവാൾ ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ വിധി പറയുന്നത് മാറ്റിവെച്ച കോടതി കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും ജയിലധികൃതരോട് വിശദീകരണം തേടിയിരുന്നു.