ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിൽ കോൺഗ്രസിന്റെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുമായും കൂടിക്കാഴ്ചക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി.
”ബിജെപി സർക്കാർ പാസാക്കിയ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഓർഡിനൻസിനെതിരെ പാർലമെന്റിൽ കോൺഗ്രസിന്റെ പിന്തുണ തേടാനും ഫെഡറൽ ഘടനയ്‌ക്കെതിരായ പൊതുവായ ആക്രമണത്തെയും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ ഇന്ന് രാവിലെ സമയം തേടി.”-എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായും കെജ്രിവാൾ സഹകരണം തേടിയിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി.