ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി സി.ബി.ഐ ചോദിച്ചെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി അനുവദിച്ചത്.
മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാർച്ച് 21ന് ഇ.ഡി അറസ്റ്റ് ചെയ്ത കെജ്‌രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. നേരത്തെ, മദ്യനയക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കോടതിയിലെത്തിച്ച കെജ്‌രിവാളിനെ ഭാര്യ സുനിത കെജ്‌രിവാള്‍ അനുഗമിച്ചിരുന്നു. സി.ബി.ഐ അറസ്റ്റിനെതിരെ രൂക്ഷമായാണ് സുനിത പ്രതികരിച്ചത്. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണ്. ഇത് നിയമാനുസൃതമല്ല. ഇത് ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ ഡൽഹി കോടതി ബുധനാഴ്ച സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു. ജൂൺ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈകോടതി ജാമ്യം സ്റ്റേ ചെയ്തു. വിചാരണ കോടതിയുടെ നടപടിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.